പയ്യാവൂർ AFCM അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു.

പയ്യാവൂരിലെ ദൈവജനത്തിനിടയിൽ ദൈവം ഇറങ്ങിനടന്ന അനുഗ്രഹത്തിന്റെ വലിയ അഞ്ച് ദിനങ്ങൾ സമാപിച്ചു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും സാംസൺ ക്രിസ്റ്റി അച്ചനും നേതൃത്വം നൽകിയ മടമ്പം – പൈസക്കരി ഫൊറോനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പയ്യാവൂർ AFCM അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു.

2023 മാർച്ച് 01 ബുധനാഴ്ച ആരംഭിച്ച കൺവെൻഷൻ ഇന്ന് (2023 മാർച്ച് 05 ഞായർ) രാത്രി 09:00 മണിയോടെ സമാപിച്ചു. ഉച്ചകഴിഞ്ഞ് 04:00 മണിക്ക് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.

അഞ്ചാം ദിവസമായ ഇന്ന് കൺവെൻഷൻ ശുശ്രൂഷകളിൽ സംബന്ധിക്കുന്നതിനായി യുവജനങ്ങളും കുട്ടികളും കുടുംബങ്ങളോടൊപ്പം കൺവെൻഷൻ ഗ്രൗണ്ടിലേയ്ക്ക് കൂട്ടം കൂട്ടമായെത്തിയത് അത്ഭുതമായി. അനേകം വിദ്യാർത്ഥികൾ ആണ് ഇന്ന് പരീക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതിനായി കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നത്. പരിശുദ്ധ കുർബാനയുടെ ആരാധനയിൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെട്ടു. കൂടാതെ രോഗികൾക്കുവേണ്ടിയും കടബാധ്യതയും പലവിധ തടസങ്ങൾ മൂലം ക്ലേശിക്കുന്നവർക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥനകൾ നടന്നു.

വചനം കേൾക്കാനും പ്രാർത്ഥിക്കാനും പയ്യാവൂർ ദേശം മുഴുവനും കൂടാതെ ദൂരെനിന്ന് വരെ അനേകം ദൈവജനം കൂട്ടം കൂട്ടമായി കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. 09:00 മണിയ്ക്ക് പരിശുദ്ധ കുർബാനയുടെ ആരാധനയോടെ കൺവെൻഷന്റെ പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. അതിനുശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ദൈവജനത്തിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു.

Leave Comment

Your email address will not be published.